ഏതൊരു വീടിനെ സംബന്ധിച്ചും വളരെയധികം പ്രാധാന്യമർഹിക്കുന്നവരാണ് ആ വീട്ടിലെ കുട്ടികൾ.
അതുകൊണ്ടുതന്നെ അവർക്കു വേണ്ടി വീട്ടിലേക്കുള്ള ഓരോ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ആ ശ്രദ്ധ നൽകേണ്ടതുണ്ട്.
പ്രത്യേകിച്ച് കുട്ടികൾ വളർന്നു വരുന്ന പ്രായത്തിൽ അവരുടെ മാനസികമായ വളർച്ചയുടെ പല ഘട്ടങ്ങളും കടന്നു പോകുന്നതിൽ വീടിനുള്ള പ്രാധാന്യം ചെറുതല്ല.
അവയെല്ലാം മുന്നിൽ കണ്ടു വേണം കുട്ടികൾക്കുള്ള ബെഡ്റൂമുകൾ സെറ്റ് ചെയ്യാൻ.
മുൻ കാലങ്ങളിൽ വീട്ടിലെ ഏതെങ്കിലും ഒരു റൂം കുട്ടികൾക്ക് നൽകുക എന്ന രീതിയാണ് ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് അത് തീർത്തും മാറി.
കുട്ടിക്ക് വേണ്ടി മാത്രം ഒരു ബെഡ്റൂം തയ്യാറാക്കി നൽകുന്നവരാണ് മിക്ക രക്ഷിതാക്കളും. കുട്ടികളുടെ മുറികൾക്ക് ഒരു കിടിലൻ മെയ്ക്ക് ഓവർ എങ്ങിനെ നൽകാമെന്ന് മനസിലാക്കാം.
10 മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ ബെഡ്റൂം ഒരുക്കുമ്പോൾ
പലപ്പോഴും ഈ ഒരു പ്രായത്തിലുള്ള കുട്ടികൾക്ക് കൂടുതലായും കാർട്ടൂൺ ക്യാരക്റ്റേഴ്സിനോട് ഉള്ള പ്രിയം കൂടുതലായിരിക്കും.
അതുകൊണ്ടുതന്നെ അവർക്ക് ഇഷ്ടപ്പെടുന്ന കാർട്ടൂൺ ക്യാരക്ടറുകൾ ഉൾപ്പെടുത്തിയ സ്റ്റിക്കറുകൾ, ബെഡ്ഷീറ്റ്, പെയിന്റ് എന്നിവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.
കുട്ടികൾക്കു വേണ്ടി ബെഡ് സജ്ജീകരിക്കുമ്പോൾ വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്.
രണ്ടിൽ കൂടുതൽ കുട്ടികളുള്ള വീടുകളിൽ ഡബിൾ ഡെക്കർ ബെഡ്ഡുകൾ പരീക്ഷിക്കാവുന്നതാണ്.
ഇത് സ്ഥലം നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും കൂടാതെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും സഹായിക്കുന്നു. ഒരു വീട് പ്ലാൻ ചെയ്യുമ്പോൾ കുട്ടികളുടെ ബെഡ്റൂം അവരുടെ കൂടെ അഭിപ്രായം ചോദിച്ചു നിർമ്മിക്കുന്നതാണ് നല്ലത്.
ബെഡുകൾ നൽകുമ്പോൾ രണ്ട് ബെഡുകൾക്ക് ഇടയിൽ ബങ്ക് ബെഡ് രീതിയിലും, അതല്ല എങ്കിൽ വലിപ്പത്തിലുള്ള ഒരു ബെഡ് ആയോ നൽകാവുന്നതാണ്. അതേസമയം അവരോട് കൂടി അഭിപ്രായം ചോദിക്കുക.
പ്രോഡക്ടുകൾ തിരഞ്ഞെടുക്കുമ്പോൾ
കുട്ടികൾ വളരെ പെട്ടെന്ന് വലുതാകും. അതോടൊപ്പം തന്നെ അവരുടെ ചിന്താഗതികളിലും വലിയ രീതിയിലുള്ള മാറ്റം വന്നു കൊണ്ടിരിക്കും. അത് അനുസരിച്ച് പെട്ടെന്ന് റീപ്ലേസ് ചെയ്യാവുന്ന രീതിയിലുള്ള പ്രോഡക്റ്റുകൾ കുട്ടികളുടെ റൂമുകൾക്ക് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വാൾപേപ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ അവ പെട്ടെന്ന് റിമൂവ് ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഉള്ളവ തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.
മൂന്നു മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ബെഡ്റൂമിൽ നൽകുന്ന ബെഡുകൾക്ക് പ്രത്യേക ആകൃതി, വലിപ്പം എന്നിവ നൽകാവുന്നതാണ്.കൂടാതെ ഡബിൾ ലെയർ വരുന്ന ബങ്ക് ബെഡ്ഡുകൾ തിരഞ്ഞെടുക്കുന്നതും കൂടുതൽ നല്ലതായിരിക്കും. വളരെ ചെറിയ കുട്ടിക്ക് വേണ്ടി ബെഡ് ഒരുക്കുമ്പോൾ ഇറങ്ങാനായി സ്റ്റെയറുകൾ, താഴെ വീഴാതിരിക്കാനായി രണ്ട് ഭാഗത്തും ഹൈറ്റ് കൂട്ടി നൽകുക എന്നിവ ചെയ്യാം.
പെയിന്റ്, കർട്ടൻ എന്നിവ തിരഞ്ഞെടുക്കുമ്പോൾ.
കുട്ടികളിൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക നിറങ്ങളോട് ആയിരിക്കും താല്പര്യം ഉണ്ടാവുക. പെൺകുട്ടികൾക്ക് പിങ്ക് നിറത്തോട് ആയിരിക്കും കൂടുതൽ താല്പര്യം. അതുകൊണ്ട് തന്നെ അവർ റൂമിന് നൽകാൻ ആവശ്യപ്പെടുന്നത് പിങ്ക് നിറത്തിലുള്ള ആകസസറീസ് ആയിരിക്കും. റൂമിനായി തിരഞ്ഞെടുക്കുന്ന പെയിന്റിന്റെ നിറം പിങ്ക് ആയിരിക്കും. അതിന് കോണ്ട്രാസ്റ്റ് ആയി വരുന്ന രീതിയിൽ ചെറിയ പൂക്കളോ മറ്റോ ഉള്ള കർട്ടനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
അതേസമയം ആൺകുട്ടികൾക്ക് നീല പോലുള്ള നിറങ്ങളോട് ആയിരിക്കും കൂടുതൽ താല്പര്യം
അതുകൊണ്ടുതന്നെ ഡാർക്ക്,ഇളംനീല നിറങ്ങളിലുള്ള പെയിന്റ് ബെഡ്റൂമിന് തിരഞ്ഞെടുക്കാം. അതിന് കോൺട്രാസ്റ്റ് ആയി വരുന്ന രീതിയിൽ ചെറിയ ഡിസൈനുകൾ ഉപയോഗപ്പെടുത്തിയുള്ള കർട്ടനുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
കുട്ടികളുടെ ബുദ്ധി വളർച്ച വർദ്ധിപ്പിക്കാൻ.
പലപ്പോഴും ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിന്റെ ഒരു വലിയ പങ്ക് വലിക്കുന്നത് ബെഡ്റൂമിൽ നിന്നായിരിക്കും.അതുകൊണ്ടുതന്നെ അവർക്ക് എല്ലാദിവസവും കാണുമ്പോൾ മനസ്സിന് സന്തോഷം നൽകുന്ന കോട്ടുകൾ ഉൾപ്പെടുത്തിയ വാൾ പേപ്പർ നൽകാം. കുട്ടികളിൽ ഒരു പോസിറ്റീവ് എനർജി കൊണ്ടു വരുന്നതിന് ഇത് സഹായിക്കും.
വായിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് ബെഡ്റൂമിൽ ഒരു ചെറിയ ലൈബ്രറി തന്നെ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. പഠിക്കാനായി ഒരു പ്രത്യേക ഏരിയ ബെഡ് റൂമിനോട് ചേർന്ന് കോർണറിൽ ആയി സെറ്റ് ചെയ്ത് നൽകാം. പഠിക്കാനുള്ള ഏരിയയിൽ മാത്രം ഒരു പ്രത്യേക ശൈലിയിലുള്ള പെയിന്റ് നൽകുകയും മറ്റ് രണ്ടു വശങ്ങളിലും വേറെ പെയിന്റ് നൽകുകയും ചെയ്യാം.കുട്ടികളുടെ ചെറുപ്പത്തിലുള്ള ഫോട്ടോകളും മറ്റും മുറികളിൽ സജീകരിച്ചു നൽകുന്നത് അവർക്ക് കൂടുതൽ സന്തോഷം നൽകും.കുട്ടികൾക്ക് ഇഷ്ടമുള്ള തീം അനുസരിച്ച് റൂം ഒരുക്കി കൊടുക്കാം. അതിനനുസരിച്ചു പെയിന്റ്, വാർഡ്രോബ്, കർട്ടൻ എന്നിവ സെലക്ട് ചെയ്ത് നൽകാം.സ്റ്റഡി ഏരിയ സെറ്റ് ചെയ്യുന്ന ഭാഗത്ത് ലൈറ്റ് നൽകുമ്പോൾ ബുക്കിലേക്ക് നേരിട്ട് നൽകാതെ ടോപ് ക്യാബിനറ്റിൽ നിന്ന് സ്പോട് ലൈറ്റ് രീതിയിൽ നൽകാവുന്നതാണ്.
വളരെയധികം സുരക്ഷിതമായ രീതിയിൽ തന്നെ കൂടുതൽ ഭംഗിയായി കുട്ടികളുടെ ബെഡ്റൂം ഇത്തരത്തിൽ മെയ്ക് ഓവർ ചെയ്യാൻ സാധിക്കുന്നതാണ്.