വീട്ടിലെ ബെഡ്റൂമുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

വീട്ടിലെ ബെഡ്റൂമുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകുന്ന കാര്യമാണ് ബെഡ്റൂമുകളുടെ ഡിസൈൻ, തിരഞ്ഞെടുക്കുന്ന നിറം ഉപയോഗിക്കുന്ന മെറ്റീരിയലുകൾ എന്നിവയെല്ലാം.

ഒരു ദിവസത്തെ തിരക്കുകളെല്ലാം അവസാനിപ്പിച്ച് ശാന്തമായി ഉറങ്ങാൻ എത്തുന്ന ഇടം എന്ന രീതിയിൽ ബെഡ്റൂമുകൾക്കുള്ള പ്രാധാന്യം ഒട്ടും ചെറുതല്ല.

മാസ്റ്റർ ബെഡ്റൂം, കിഡ്സ് റൂം, ഗസ്റ്റ് റൂം എന്നിങ്ങനെ റൂമുകളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഇപ്പോൾ വന്നിട്ടുള്ളത്.

ഉപയോഗങ്ങൾക്ക് അനുസൃതമായി ബെഡ്റൂം ഒരുക്കുമ്പോൾ അടുക്കും ചിട്ടയോടും കൂടി തന്നെ ചെയ്യാനായി ശ്രദ്ധിക്കണം. വീട്ടിലെ കിടപ്പ് മുറികൾ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീട്ടിലെ ബെഡ്റൂമുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, മാസ്റ്റർ ബെഡ്റൂം ഒരുക്കുമ്പോൾ.

ഒരു വീട്ടിലെ ഏറ്റവും പ്രധാന കിടപ്പുമുറി എന്ന രീതിയിലാണ് മാസ്റ്റർ ബെഡ്റൂം അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ മറ്റ് ബെഡ്റൂമുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ സൗകര്യങ്ങളും കൂടുതൽ ലഭിക്കും. കൂടുതൽ വലിപ്പവും അറ്റാച്ച്ഡ് ബാത്റൂം സൗകര്യവുമെല്ലാം ഇത്തരം ബെഡ്റൂമുകളുടെ പ്രത്യേകതകളാണ്.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഒന്നോ രണ്ടോ മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്ത് നൽകാനായി ആർക്കിടെക്റ്റിനോട് ആവശ്യപ്പെടാവുന്നതാണ്. ബെഡ്റൂമിന്റെ വലിപ്പത്തിന് അനുസരിച്ച് അവിടെ നൽകേണ്ട സൗകര്യങ്ങളെ പറ്റി ഒരു ലിസ്റ്റ് തയ്യാറാക്കാം.

സാധാരണയായി വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് പ്രധാന കിടപ്പുമുറിക്ക് സ്ഥാനം കണ്ടെത്തുന്നത്. കന്നി മൂല എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

കിഴക്ക് അല്ലെങ്കിൽ തെക്ക് ഭാഗത്തേക്ക് തല വച്ചു കിടക്കാവുന്ന രീതിയിലായിരിക്കും കട്ടിലിനുള്ള സ്ഥാനം നൽകുന്നത്. മാസ്റ്റർ ബെഡ്റൂമിന് കുറഞ്ഞത് 14*12 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമെങ്കിലും ആവശ്യമായി വരും. എന്നാൽ മാത്രമാണ് ആവശ്യത്തിന് സൗകര്യങ്ങൾ നൽകാൻ സാധിക്കുകയുള്ളൂ.

ചില വീടുകളിൽ മാസ്റ്റർ ബെഡ്റൂമിൽ തന്നെയാണ് സ്റ്റഡി ഏരിയ,ഡ്രസ്സിംഗ് ഏരിയ എന്നിവയ്ക്കുള്ള സ്ഥാനവും കണ്ടെത്തുന്നത്. മാസ്റ്റർ ബെഡ്റൂമിൽ തിരഞ്ഞെടുക്കാൻ അനുയോജ്യമായ നിറങ്ങൾ ബ്ലൂ, വയലറ്റ്, ലെമൺ ഗ്രീൻ പോലുള്ളവയാണ്.

ഡാർക്ക് നിറങ്ങൾ ബെഡ്റൂമിലേക്ക് തിരഞ്ഞെടുക്കുമ്പോൾ അത് വലിപ്പ കുറവ് തോന്നിപ്പിക്കുന്നതിനും ആവശ്യത്തിന് സ്ഥല ലഭ്യത ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടാക്കുന്നതിനും കാരണമായേക്കും.

അതല്ല ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ കർട്ടനുകൾ, കുഷ്യനുകൾ ബെഡ്ഷീറ്റ് എന്നിവയ്ക്കായി ഉപയോഗപ്പെടുത്താവുന്നതാണ്.

ബെഡ്റൂമുകൾക്ക് കൂടുതൽ അലങ്കാരങ്ങൾ നൽകാതിരിക്കുന്നതാണ് ഉചിതം. അത്യാവശ്യം വലിപ്പമുള്ള ഒരു കട്ടിൽ നൽകി അതിൽ വൃത്തിയായി ബെഡ്ഷീറ്റുകൾ കുഷ്യനുകൾ എന്നിവ സെറ്റ് ചെയ്ത് നൽകാം.

ആവശ്യമെങ്കിൽ അലങ്കാര ലൈറ്റുകൾ, ടേബിൾ ലാമ്പ് എന്നിവയും ഉപയോഗപ്പെടുത്താം. കട്ടിൽ സജ്ജീകരിച്ച് നൽകുമ്പോൾ ഹെഡ് ബോർഡ്‌ വരുന്നവയോടാണ് ആളുകൾക്ക് ഇപ്പോൾ കൂടുതൽ പ്രിയം.

ഹെഡ് ബോർഡ് വരുന്ന ഭാഗത്തെ വാൾ ഹൈലൈറ്റ് ചെയ്തു നൽകിയോ, വാൾപേപ്പർ ഒട്ടിച്ചു കൂടുതൽ ഭംഗിയാക്കുകയോ ചെയ്യാം.

സീലിങ്ങിൽ ചെറിയ രീതിയിലുള്ള ഫാൾസ് സീലിംഗ് വർക്കുകൾ നൽകുന്നതിൽ തെറ്റില്ല. സാധാരണ കർട്ടനുകളെക്കാൾ ബെഡ്റൂമിലേക്ക് കൂടുതൽ നല്ലത് ബ്ലൈൻഡ്സ് തിരഞ്ഞെടുക്കുന്നതാണ്.

കർട്ടനുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ലൈറ്റ് വെയിറ്റ് രീതിയിലുള്ളവ നോക്കി തിരഞ്ഞെടുക്കാം.

സാധാരണയായി മാസ്റ്റർ ബെഡ്റൂമിന്റെ ഡോറിന് 90 മുതൽ 100 സെന്റീമീറ്റർ വരെ വീതി ആവശ്യമായി വരും.

രണ്ട് പാളികളായാണ് ഡോർ നൽകുന്നത് എങ്കിൽ കുറഞ്ഞത് 120 സെന്റീമീറ്ററെങ്കിലും വീതി ആവശ്യമാണ്. വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കണമെങ്കിൽ അതിനനുസരിച്ച് കബോർഡുകൾ സെറ്റ് ചെയ്ത് നൽകാം.

കുട്ടികൾക്കുള്ള ബെഡ്റൂം ഒരുക്കുമ്പോൾ.

സ്റ്റഡി ടേബിൾ, ടോയ് ഷെൽഫ്, ബെഡ് എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് വേണം കിഡ്സ് ബെഡ്റൂം തയ്യാറാക്കാൻ. കുട്ടികൾക്ക് ആവശ്യത്തിന് നടക്കാനുള്ള ഇടം റൂമിലുണ്ട് എന്ന കാര്യം ഉറപ്പ് വരുത്തുക.

കുട്ടികളുടെ പ്രായത്തിനനുസരിച്ച് പെയിന്റിന്റെ നിറങ്ങൾ, കർട്ടൻ, ബെഡ് ഡിസൈൻ എന്നിവയെല്ലാം തിരഞ്ഞെടുക്കാവുന്നതാണ്.

സാധാരണയായി പിങ്ക്, പീച്ച് പോലുള്ള നിറങ്ങളാ യിരിക്കും പെൺകുട്ടികൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്. അതേസമയം ബ്ലാക്ക്, ബ്ലൂ, റെഡ് പോലുള്ള നിറങ്ങൾ ആൺകുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്ന ബെഡ്റൂമുകളിൽ ഉപയോഗപ്പെടുത്താം.

കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്ന ബെഡിന് വ്യത്യസ്ത ഷെയിപ്പുകൾ നൽകാവുന്നതാണ്. ഭിത്തികളിൽ വ്യത്യസ്ത കാർട്ടൂൺ ക്യാരക്ടർ ഉൾപ്പെടുന്ന വാൾപേപ്പറുകൾ, അലങ്കാരവസ്തുക്കൾ എന്നിവയെല്ലാം ഉപയോഗിക്കാം.

ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോഴും കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾപ്പെടുന്നവ നോക്കി തിരഞ്ഞെടുക്കാവുന്നതാണ്.

കുട്ടികളുടെ ബെഡ്റൂമിന്റെ വാതിലിന് കുറഞ്ഞത് 90 മുതൽ 100 സെന്റീമീറ്റർ വരെ എങ്കിലും വീതി ഉണ്ട് എന്ന കാര്യം ഉറപ്പ് വരുത്തുക. ഗ്ലാസ് ഉപയോഗിച്ച് നിർമ്മിക്കുന്ന മെറ്റീരിയലുകൾ,മിനുസമുള്ള ടൈലുകൾ എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് കുട്ടികളുടെ ബെഡ്‌റൂമിൽ നല്ലത്.

കട്ടിൽ തയ്യാറാക്കുമ്പോൾ കുട്ടികളുടെ ഹൈറ്റ് അനുസരിച്ച് നൽകാനായി ശ്രദ്ധിക്കുക. ചെറിയ കുട്ടികളാണെങ്കിൽ കട്ടിലിന് അധികം ഉയരം കൂട്ടി നൽകേണ്ട ആവശ്യമില്ല.

ഒന്നിൽ കൂടുതൽ കുട്ടികൾക്ക് വേണ്ടി ഡിസൈൻ ചെയ്യുന്ന ബെഡ്റൂമിൽ ബങ്ക് ടൈപ്പ് ബെഡുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

പഠിക്കാനാവശ്യമായ സ്റ്റഡി ടേബിൾ, രണ്ട് കോർണറുകളിൽ ആയി സെറ്റ് ചെയ്ത് നൽകാം.

വീട്ടിലെ ബെഡ്റൂമുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവയെല്ലാമാണ്.