ഡൈനിങ് ഏരിയയിലെ വാഷ് ബേസിൻ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും.

മിക്ക വീടുകളിലും വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒരു ഭാഗമാണ് ഡൈനിംഗ് ഏരിയയോടെ ചേർന്നു വരുന്ന വാഷ്ബേസിൻ. പലപ്പോഴും കൃത്യമായ സ്ഥലം നിശ്ചയിച്ച് വാഷ് ബേസിൻ ഫിറ്റ് ചെയ്യാത്തതും, ആവശ്യത്തിന് സ്ഥലം ഇല്ലാത്തതും, ആക്സസറീസ് ശരിയായ രീതിയിൽ ഫിറ്റ് ചെയ്യാത്തതും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

വ്യത്യസ്ത ഡിസൈനിലും മെറ്റീരിയലിലും നിർമ്മിച്ച വാഷിംഗ് ബേസിനുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ വാഷ്ബേസിന്റെ പുറംമോടി കണ്ട് മാത്രം അവ തിരഞ്ഞെടുക്കാൻ പാടുള്ളതല്ല.

അങ്ങനെ ചെയ്യുന്നത് വഴി വളരെ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ അവ ഡാമേജ് ആവുകയും പൊട്ടുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

അതുപോലെ മിക്ക വീടുകളിലും വാഷ്ബേസിനോട് ചേർന്ന് വരുന്ന ഭാഗത്ത് ലീക്കേജ് പ്രശ്നങ്ങൾ കാണാറുണ്ട്.

ഭക്ഷണം കഴിക്കുന്ന ഒരു ഇടം ആയതുകൊണ്ട് തന്നെ ലീക്കേജ് കാണുമ്പോൾ പലർക്കും ഭക്ഷണത്തിനോട് പോലും അതൃപ്‌തി തോന്നുന്ന അവസ്ഥ ഉണ്ടാകുന്നു. വാഷ് ബേസിൻ ഡൈനിങ് ഏരിയയോട് ചേർന്ന് സെറ്റ് ചെയ്തു നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

വാഷ് ബേസിൻ നൽകേണ്ട സ്ഥലം

ഡൈനിംഗ് ഏരിയയിൽ ഇൻസൈഡ് ഭാഗത്തോട് ചേർന്ന് വാഷ് ബേസിൻ സെറ്റ് ചെയ്ത് നൽകാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.

ഇങ്ങിനെ ചെയ്യുമ്പോൾ പലപ്പോഴും സംഭവിക്കുന്നത് ഒരാൾ പോയി വാഷ്ബേസിനിൽ മുഖമോ മറ്റോ കഴുകുമ്പോൾ അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന മറ്റൊരാളുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക.

അതുപോലെ പലപ്പോഴും മിക്ക ആളുകൾക്കും ഉള്ള ഒരു പ്രവണതയാണ് ഭക്ഷണം കഴിച്ച ശേഷം കാർക്കിച്ചു തുപ്പുന്ന രീതി.

ഇങ്ങനെ ചെയ്യുമ്പോൾ ടേബിളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന മറ്റുള്ളവർക്ക് അത് ആരോചകമായി തോന്നുന്ന അവസ്ഥ സൃഷ്ടിക്കും.

ഈ കാരണങ്ങളെല്ലാം മുന്നിൽ കണ്ടുകൊണ്ട് സ്റ്റെയർകേസിന്റെ താഴെയുള്ള ഭാഗം വാഷ് ഏരിയ ആയി സെറ്റ് ചെയ്ത് നൽകുന്നതാണ് കൂടുതൽ നല്ലത്.

വാഷ് ബേസിൻ സെറ്റ് ചെയ്യുന്ന രീതി

പ്രധാനമായും മൂന്ന് രീതികളാണ് വാഷ് ബേസിൻ സെറ്റ് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുന്നത്.

ഇതിൽ ആദ്യത്തെ രീതി 1200 രൂപ മുതൽ 2000 രൂപ വരെ വില വരുന്ന പെഡസ്റ്റൽ ടൈപ്പ് വാഷ് ബേസിനുകളാണ്. സാധാരണക്കാരായ ആളുകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് ഇത്തരം വാഷ് ബേസിനുകൾ ആണ്.

ഇവ തന്നെ ഹാഫ് പെഡസ്റ്റൽ,ഫുൾ പെഡസ്റ്റൽ എന്നിങ്ങനെയെല്ലാം വിപണിയിൽ ലഭിക്കുന്നുണ്ട്. രണ്ടാമത്തെ രീതി എബൗവ് കൗണ്ടർ അല്ലെങ്കിൽ ബിലോ കൗണ്ടർ രീതിയിലുള്ള വാഷ്ബേസിനുകൾ തിരഞ്ഞെടുക്കുക എന്നതാണ്.

ആദ്യത്തെ രീതിയെ അപേക്ഷിച്ച് കുറച്ചു കൂടി ചിലവ് വരുന്ന രീതിയാണ് ഇത്. മറ്റൊരു രീതി ഗ്ലാസ് പോലുള്ള വാഷ്ബേസിൻ ഉപയോഗിച്ച് വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകുന്നതാണ്.

എന്നാൽ ഏത് രീതിയിലുള്ള വാഷ്ബേസിൻ തിരഞ്ഞെടുക്കുന്നു എന്നതിലല്ല കാര്യം മറിച്ച് അവയുടെ ഉപയോഗ രീതിയിലാണ് കാര്യം.

കൂടുതൽ പേർക്കും പറ്റുന്ന അബദ്ധങ്ങൾ.

ഒരു വാഷ്ബേസിൻ സെറ്റ് ചെയ്ത് കഴിഞ്ഞാൽ അതിൽ നിന്നും ശബ്ദം ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.

അതേ സമയം അവ മാക്സിമം മറയുന്ന രീതിയിൽ നൽകുക എന്നതിലാണ് പ്രധാനം.

കുടുംബത്തിൽ ഉള്ളവർ മാത്രം ചേർന്ന് ഭക്ഷണം കഴിക്കുമ്പോൾ ഇത് വലിയ പ്രശ്നമായി തോന്നില്ല എങ്കിലും പലപ്പോഴും അതിഥികൾ വരുമ്പോഴായിരിക്കും അത് വലിയ ഒരു പ്രശ്നമായി തോന്നുന്നത്.

വാഷ് ബേസിനുകൾ മറച്ചു നൽകുമ്പോൾ

ഇപ്പോൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് എബൗവ്,ബിലോ കൗണ്ടർ ടൈപ്പ് വാഷ്ബേസിനുകൾ ആണ്. ഇവക്ക് സ്വാഭാവികമായും 60 സെന്റീമീറ്റർ ആണ് വലിപ്പമായി വരുന്നത്.

സെറ്റ് ചെയ്യാനുള്ള അകലം കൂടി കണക്കാക്കി 90 മുതൽ 105 വരെ അകലം പാലിച്ച് വാഷ് ബേസിൻ നൽകുകയാണെങ്കിൽ അവ കൃത്യമായി മറക്കാൻ സാധിക്കും. വാഷ് ബേസിനോട്‌ ചേർന്നു വരുന്ന ഭാഗം ചെടികൾ വച്ചോ, ഹാങ്ങ്‌ ചെയ്യുന്ന പോട്ടുകൾ ഉപയോഗിച്ചോ ഭംഗിയാക്കാം. അല്ല എങ്കിൽ എംഡിഎഫ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് പാർട്ടീഷൻ നൽകുന്നതും കൂടുതൽ നല്ലതാണ്.ഇങ്ങിനെ പാർട്ടീഷൻ ഉപയോഗിക്കുന്നതു വഴി വാഷ് ഏരിയക്ക് ഒരു പ്രത്യേക ഭംഗി ലഭിക്കുകയും അതേസമയം മറഞ് ഇരിക്കുകയും ചെയ്യും.

വാൾ പാർട്ടീഷൻ ഉപയോഗിക്കുമ്പോൾ

വളരെയധികം യുനീക് ആയ രീതിയിൽ വാൾ പാർട്ടീഷനുകൾ നൽകി വാഷ് ഏരിയ ഭംഗിയായി വേർതിരിക്കാം. ഇതിനായി ടെറാകോട്ട ജാളി ബ്രിക്കുകൾ ഉപയോഗിച്ച് വാൾ നൽകുകയോ, അല്ലായെങ്കിൽ എംഡിഎഫ് അല്ലെങ്കിൽ മരത്തിൽ തീർത്ത പാർട്ടീഷനുകൾ ഉപയോഗിക്കുകയോ ചെയ്യാം.

വളരെ കുറഞ്ഞ ചിലവിൽ പാർട്ടീഷൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതി കർട്ടനുകൾ ഉപയോഗിക്കുന്നതാണ്. അല്ലായെങ്കിൽ വാഷ് ഏരിയയിൽ ആർട്ടിഫിഷ്യൽ ഗ്ലാസുകൾ നൽകി കൂടുതൽ ഭംഗിയാക്കാം. പലപ്പോഴും പൈപ്പ് തുറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമല്ല നമുക്ക് അരോചകമായി തോന്നുന്നത്, അവ ഉണ്ടാക്കുന്ന കാഴ്ചയാണ്. അതുകൊണ്ടുതന്നെ വാഷ് ഏരിയയുടെ ഭാഗം മറക്കുക എന്നതാണ് ഏറ്റവും ഉത്തമ പ്രതിവിധി.