പെയിന്റിങ്ങിനും വേണം പ്രത്യേക പ്ലാൻ .

പെയിന്റിങ്ങിനും വേണം പ്രത്യേക പ്ലാൻ.വീട് നിർമ്മാണം പൂർത്തിയാകുമ്പോൾ ചെയ്യേണ്ട ഒരു കാര്യമായതു കൊണ്ട് തന്നെ പെയിന്റിങ്ങിന്റെ കാര്യത്തിൽ ആരും അധികം ശ്രദ്ധ നൽകാറില്ല.

പലപ്പോഴും ഇതിനായി ഒരു പ്രത്യേക തുക മാറ്റിവയ്ക്കേണ്ടി വരുമെന്ന കാര്യം പോലും പലരും ചിന്തിക്കാറില്ല. ഒരു വീടിന് അതിന്റെ പൂർണ്ണത ലഭിക്കണമെങ്കിൽ നിറങ്ങൾ കൂടി നൽകേണ്ടതുണ്ട്.

പലപ്പോഴും വീട്ടിലേക്ക് താമസം മാറുന്നതിന് ഒന്നോ രണ്ടോ ദിവസം മുൻപാണ് പെയിന്റിംഗ് പണികൾ പൂർത്തിയാകുക.

അതുകൊണ്ടുതന്നെ ശരിയായ രീതിയിൽ ഫിനിഷിംഗ് നൽകാനോ, വീട് വൃത്തിയാക്കി ഇടാനോ സാധിക്കാറില്ല എന്നതാണ് സത്യം.

പല വീടുകളിലും ഗൃഹപ്രവേശത്തിന് തൊട്ടു തലേ ദിവസം വരെ പെയിന്റിംഗ് പണികൾ നടക്കുകയും പിന്നീട് അവ തലവേദനയായി മാറുകയും ചെയ്യാറുണ്ട്.

നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടി തയ്യാറാക്കുന്ന പ്ലാനിന് നൽകുന്ന അതേ പ്രാധാന്യം പെയിന്റിംഗ് പണികൾക്കും നൽകേണ്ടതുണ്ട്.

പെയിന്റിംഗ് പണിക്കു വേണ്ടി പ്ലാൻ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

പെയിന്റിങ്ങിനും വേണം പ്രത്യേക പ്ലാൻ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ.

പെയിന്റിംഗ് വർക്കുകൾക്ക് വേണ്ടി ഒരു പ്ലാൻ തയ്യാറാക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വീടിന്റെ ഓരോ ഭാഗങ്ങൾക്കും ഏതെല്ലാം നിറങ്ങൾ നൽകണമെന്നും, പെയിന്റ് ചെയ്യുന്നതിന് മുൻപായി പുട്ടി എത്ര കോട്ട് അടിക്കണം എന്നതിനെപ്പറ്റി എല്ലാം ഒരു ധാരണ ഉണ്ടാക്കി വയ്ക്കലാണ്.

മാത്രമല്ല വാട്ടർപ്രൂഫിങ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് എപ്പോൾ ചെയ്യണം, അതിനായി ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത് എന്നീ കാര്യങ്ങൾ മുൻകൂട്ടി തന്നെ നോക്കി വയ്ക്കാവുന്നതാണ്.

ഏത് ബ്രാൻഡിന്റെ പെയിന്റ് തിരഞ്ഞെടുക്കണം എന്നതും, വോൾ ഹൈലൈറ്റ്, ഫാൾസ് സീലിംഗ് വർക്കുകൾ ചെയ്യുന്നുണ്ടെങ്കിൽ അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും പ്ലാനിൽ ഉൾപ്പെടുത്താം.

പെയിന്റിങ് പണിക്ക് വേണ്ടി ഏകദേശം എത്ര രൂപ ചിലവഴിക്കേണ്ടി വരും എന്നതിനെ പറ്റിയും ഒരു കണക്കുകൂട്ടൽ പ്ലാനിൽ ഉൾപ്പെടുത്താവുന്നതാണ്.

ഇന്ന് മിക്ക പെയിന്റിംഗ് കമ്പനികളും തങ്ങളുടെ ലേബേഴ്സിനെ വെച്ച് പെയിന്റ് പണി പൂർത്തിയാക്കി നൽകുന്ന രീതികൾ കൂടുതലായി കണ്ടുവരുന്നുണ്ട്.

അത്തരം ആളുകളെയാണ് പെയിന്റിംഗ് വർക്ക് ഏൽപ്പിച്ചു നൽകുന്നത് എങ്കിൽ അവർക്ക് എത്രകാലമായി ആ മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ട് എന്ന കാര്യവും, മുൻപ് ചെയ്ത വർക്കുകൾ ഏതെല്ലാമാണെന്നും ചോദിച്ച് മനസ്സിലാക്കാം.

പറ്റുമെങ്കിൽ അവർ ചെയ്ത മറ്റ് വർക്കുകൾ നേരിട്ട് പോയി കാണുകയാണെങ്കിൽ എത്രമാത്രം ഫിനിഷിംഗ് നൽകുന്നുണ്ട് എന്ന കാര്യം തിരിച്ചറിയാൻ സാധിക്കും.

ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് പെയിന്റിങ് ‘പെയിന്റ് ആർട്ട്’ എന്ന രീതിയിലാണ് അറിയപ്പെടുന്നത്.

അതുകൊണ്ടുതന്നെ പെയിന്റ് ഉപയോഗിച്ച് ചുമരിൽ വ്യത്യസ്ത നിറക്കൂട്ടുകൾ ചാലിച്ച് നൽകുന്നതും ചിത്രങ്ങൾ വരയ്ക്കുന്നതും ഒരു പുതുമയല്ല.

ലിവിങ് ഏരിയ ബെഡ്റൂമുകൾ എന്നിവിടങ്ങളിലേക്ക് പ്രത്യേക ഡിസൈനുകൾ നൽകാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ സ്റ്റെൻസിൽസ് ഉപയോഗപ്പെടുത്തിയുള്ള ഡിസൈനുകൾ തിരഞ്ഞെടുത്തു നൽകിയാൽ പെയിന്റ് പണി ചെയ്യുന്നവർ അത് കൃത്യമായ രീതിയിൽ തന്നെ വരച്ച് നൽകും.

നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

വീടിന്റെ എക്സ്റ്റീരിയർ ഇന്റീരിയർ എന്നീ ഭാഗങ്ങളിലേക്ക് വ്യത്യസ്ത രീതിയിലുള്ള പെയിന്റ് ആണ് തിരഞ്ഞെടുക്കേണ്ടി വരിക.

നിങ്ങൾക്ക് പെയിന്റിനെ പറ്റി കൃത്യമായ ധാരണയില്ല എങ്കിൽ അതിൽ എക്സ്പർട്ട് ആയ ആളുകളെ കണ്ട് പെയിന്റ് തിരഞ്ഞെടുക്കേണ്ട രീതി ചോദിച്ച് മനസിലാക്കാവുന്നതാണ്.

മാത്രമല്ല ടിവി യൂണിറ്റ് പോലുള്ള ഭാഗങ്ങളിൽ ക്ലാഡിങ് വർക്കുകൾ, വാൾപേപ്പറുകൾ എന്നിവ നൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് മുൻകൂട്ടി പറയേണ്ടതുണ്ട്.

അത്തരം ഭാഗങ്ങൾ ഒഴിവാക്കി ബാക്കി ഭാഗം മാത്രം പെയിന്റിംഗ് ചെയ്തു നൽകിയാൽ ചിലവാക്കുന്ന തുകയിൽ ചെറിയ രീതിയിൽ കുറവ് വരുത്താൻ സാധിക്കും.

ഹാളിലേക്ക് കൂടുതലായും പേസ്റ്റൽ നിറങ്ങൾ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇപ്പോൾ ഇഷ്ടപ്പെടുന്നത്. അതേസമയം ഡൈനിംഗ് ഏരിയ, കിച്ചൻ എന്നിവിടങ്ങളിലേക്ക് വൈബ്രന്റ് നിറങ്ങളും തിരഞ്ഞെടുക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു.

കുട്ടികളുടെ ബെഡ്റൂ മകൾക്ക് അവരുടെ ഇഷ്ടാനുസരണം ബ്ലൂ,പിങ്ക് പോലുള്ള നിറങ്ങളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. അതേസമയം പ്രായമായവർക്ക് വേണ്ടി ബെഡ്റൂം ഒരുക്കുമ്പോൾ ലൈറ്റ് ഗ്രേ, ബീജ് പോലുള്ള നിറങ്ങൾ ആണ് ഇഷ്ടപ്പെടുന്നത്.

ഒരു തീമിനെ അടിസ്ഥാനമാക്കി വീട് മുഴുവനും പെയിന്റ് ചെയ്ത് നൽകുന്ന രീതിയും നിലവിലുണ്ട്. പെയിന്റ് അടിച്ചു നൽകുന്നതിന് മുൻപായി ഭിത്തിയിൽ പ്ലാസ്റ്ററിംഗ് വർക്ക് ചെയ്ത് അത് ഉണങ്ങിയ ശേഷം രണ്ടുകോട്ട് പ്രൈമറെങ്കിലും അടിച്ച് നൽകാനായി ശ്രദ്ധിക്കണം.

പ്രൈമർ ഉണങ്ങാതെ അതിനു മുകളിൽ എമൽഷൻ പെയിന്റ് അപ്ലൈ ചെയ്തു നൽകിയാൽ പെട്ടെന്ന് അടർന്നു വരാനുള്ള സാധ്യത കൂടുതലാണ്. പെയിന്റിങ്ങിൽ തന്നെ മാറ്റ്, ഗ്ലോസി,സെമി ഗ്ലോസി ടൈപ്പ് പെയിന്റുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം ഇഷ്ടമുള്ള രീതിയിൽ പെയിന്റ് തിരഞ്ഞെടുക്കാം.

തരം തിരിച്ചിരിക്കുന്ന രീതി

ഇന്റീരിയറിൽ നൽകുന്ന പെയിന്റിനെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.

എമലഷൻ,ലെസ്റ്റർ, ഡിസ്റ്റബർ എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്. പണ്ടുകാലങ്ങളിൽ വീടിന് കുമ്മായം അടിച്ചു നൽകിയിരുന്ന രീതിയാണ് ഡിസ്റ്റംബർ എന്ന് അറിയപ്പെടുന്നത്. എന്നാൽ ഇന്ന് ഇത് ആരും അധികം ഉപയോഗപ്പെടുത്താറില്ല.

ഓയിൽ ബേസ് ചെയ്ത് നിർമിക്കുന്ന പെയിന്റുകളാണ് ലെസ്റ്റർ എന്നറിയപ്പെടുന്നത്. ഇവ മറ്റു പെയിന്റ്കളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സമയം എടുത്തു മാത്രമാണ് ഉണങ്ങുക. വെള്ളവുമായി ചേർത്ത് ഉപയോഗപ്പെടുത്താവുന്ന പെയിന്റ് ആണ് എമൽഷൻ.

ഇപ്പോൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് എമൽഷൻ ടൈപ്പ് പെയിന്റുകളാണ്. ഇവ ഉപയോഗപ്പെടുത്തുന്നത് വഴി കൂടുതൽ കാലം ഈട് നിൽക്കുകയും പായൽ, പൂപ്പൽ എന്നിവയുടെ ശല്യം ഇല്ലാതാക്കുകയും ചെയ്യാം. ഭിത്തിയിൽ പെയിന്റ് ചെയ്യുന്നതിന് മുൻപായി നല്ലപോലെ ക്ലീൻ ചെയ്ത ശേഷം മാത്രം അപ്ലൈ ചെയ്തു നൽകുക. അതല്ല എങ്കിൽ സ്ക്രാച്ച്, അടർന്നു വരാനുള്ള സാധ്യത എന്നിവ ഉണ്ടാകാറുണ്ട്.വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഉപയോഗിക്കുന്ന പുട്ടിയും പെയിന്റ് പോലെ വ്യത്യസ്തമാണ്. പൗഡർ, പേസ്റ്റ് രൂപത്തിൽ ഉള്ള പൂട്ടികൾ ഇപ്പോൾ ലഭ്യമാണ്.ഇവ ആവശ്യാനുസരണം ഉപയോഗം നോക്കി തിരഞ്ഞെടുക്കാം.

പെയിന്റിങ്ങിനും വേണം പ്രത്യേക പ്ലാൻ അതിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.