ഡബിൾഹൈറ്റ് ലിവിങ് ഏരിയ അലങ്കാരങ്ങൾ.മാറുന്ന ട്രെൻഡ് അനുസരിച്ച് വീട് നിർമ്മിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും ഇന്ന് മിക്ക ആളുകളും.
പ്രത്യേക ശൈലിയിൽ വീട് നിർമ്മിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ഡബിൾ ഹൈറ്റ് രീതിയിൽ നിർമ്മിക്കുന്ന ലിവിങ് ഏരിയ.
സാധാരണ ലിവിങ്ങിൽ നിന്നും വ്യത്യസ്തമായി വളരെയധികം ഹൈറ്റിൽ ആണ് ഡബിൾ ഹൈറ്റ് രീതിയിൽ റൂഫ് സജ്ജീകരിച്ച് നൽകുന്നത്.
വീട്ടിനകത്തേക്ക് ആവശ്യത്തിന് പ്രകാശം ലഭിക്കുന്നതിനും, അലങ്കാര ലൈറ്റുകൾ ഉപയോഗപ്പെടുത്താനും ഇത്തരം രീതി കൂടുതൽ പ്രയോജനപ്പെടുത്താം.
മാത്രമല്ല വലിയ വാളുകളിൽ അലങ്കാര വസ്തുക്കൾ, വാൾ ആർട്ട് എന്നിവ കൂടി നൽകുന്നതോടെ ലിവിങ് ഏരിയയുടെ ഭംഗി ഇരട്ടിയാകും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.
ഡബിൾ ഹൈറ്റ് രീതിയിൽ നിർമ്മിക്കുന്ന ലിവിങ് ഏരിയ അണിയിച്ചൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ഡബിൾഹൈറ്റ് ലിവിങ് ഏരിയ അലങ്കാരങ്ങൾ.
വീട്ടിലേക്ക് വരുന്ന അതിഥികളെ വളരെ പെട്ടെന്ന് ആകർഷിക്കുന്ന രീതിയിൽ ആണ് ഡബിൾ ഹൈറ്റ് ശൈലിയിൽ വീടുകൾ നിർമിക്കുന്നത്.
സാധാരണ ലിവിങ് ഏരിയയിൽ നൽകുന്ന ജനാലകളേക്കാൾ കുറച്ചു കൂടി വലിപ്പം കൂട്ടി വേണം ഇവിടെ വിൻഡോകൾ സജ്ജീകരിച്ച് നൽകാൻ.
ഗ്ലാസ് പാനലിങ് ഉപയോഗപ്പെടുത്തിയാണ് ജനാലകൾ നൽകുന്നത് എങ്കിൽ അവ നല്ല രീതിയിൽ വീട്ടിനകത്തേക്ക് വെളിച്ചം എത്തിച്ചു നൽകും.
മാത്രമല്ല പുറത്തേക്കുള്ള കാഴ്ചകൾ കൂടുതൽ ഭംഗിയിൽ അകത്തിരുന്നു കൊണ്ട് ആസ്വദിക്കാനും അതു വഴിയൊരുക്കുന്നു.
പലപ്പോഴും ഡബിൾ ഹൈറ്റ് രീതിയിൽ നിർമ്മിക്കുന്ന ലിവിങ് ഏരിയകൾക്ക് സാധാരണ ലിവിങ് ഏരിയ കളെക്കാൾ കൂടുതൽ വലിപ്പം ഉള്ളതായി തോന്നിപ്പിക്കാനുള്ള കഴിവുണ്ട്.
ഇളം നിറങ്ങൾ തിരഞ്ഞെടുത്ത് ലിവിങ് ഏരിയ പെയിന്റ് ചെയ്ത് നൽകാം.
അലങ്കാര രീതി
ലിവിങ് റൂം അലങ്കരിക്കുന്നതിനായി ക്ലാഡിങ് വർക്കുകൾ, വാൾ ആർട്ട്,3D വാൾ പാനൽ എന്നിവയിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.അതേ സമയം കൂടുതൽ അലങ്കാരങ്ങൾ തിക്കി നിറയ്ക്കുന്നതിന് പകരം ഏതെങ്കിലും ഒരു രീതി ഹൈലൈറ്റ് ചെയ്തു കൊണ്ട് ലിവിങ് റൂം നൽകുന്നതാണ് ഡബിൾ ഹൈറ്റ് രീതിയിൽ കൂടുതൽ അനുയോജ്യം. വീട്ടിലേക്ക് വരുന്ന അതിഥികളുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റുന്ന ഭാഗത്ത് വേണം ഹൈലൈറ്റ് നൽകാൻ. അതായത് ഒരു പ്രത്യേക ഫോക്കൽ പോയിന്റ് സെറ്റ് ചെയ്ത് അലങ്കാരങ്ങൾ നൽകാം.
വീട്ടിലേക്ക് വരുന്ന അതിഥി ഇരിക്കുന്ന ഭാഗത്തു നിന്നും കൃത്യമായ ഐ ലവ് മെയിൻറ്റൈൻ ചെയ്തു കൊണ്ട് വേണം ഭിത്തിയിൽ അലങ്കാര വസ്തുക്കൾ നൽകാൻ. ലിവിങ് റൂമിനോട് ചേർന്ന് സ്റ്റെയർകേസ് നൽകുമ്പോൾ മരത്തിൽ തീർത്ത ഫ്ളോട്ടിങ് ടൈപ്പ് ഡിസൈനുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ജനാലകൾ വളരെ വലുതായി നൽകുന്നത് കൊണ്ടു തന്നെ കർട്ടനുകൾ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ നൽകണം. ഡ്രേപ്പിംഗ് രീതിയിൽ കൂടുതൽ പ്ലീറ്റ്സ് വരുന്ന രീതിയിൽ ഉള്ള കർട്ടനുകൾ ഇന്റീരിയറിന് അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുക്കാം.
ലൈറ്റുകൾ നൽകുമ്പോൾ
ഡബിൾ ഹൈറ്റ് ലിവിങ് ഏരിയക്ക് ഏറ്റവും അനുയോജ്യം അലങ്കാര വിളക്കുകൾ തന്നെയാണ്. കുറച്ച് അധികം വലിപ്പമുള്ള വിളക്കുകളാണ് കൂടുതൽ ഭംഗി നൽകുക. വേർട്ടിക്കൽ വ്യൂ ലഭിക്കുന്ന രീതിയിലാണ് അലങ്കാര വിളക്കുകൾ നൽകേണ്ടത്. മറ്റു ലൈറ്റുകൾ സജ്ജീകരിച്ച് നൽകുമ്പോൾ വ്യത്യസ്ത തട്ടുകളിലായി നൽകുന്നത് കൂടുതൽ അലങ്കാരത്തിന് സഹായിക്കും.
ഫ്ലോർ ലാമ്പുകൾ, സ്പോട് ലൈറ്റുകൾ എന്നിവ നൽകി ഹാൾ കൂടുതൽ ഭംഗിയാക്കാം. വീടിന്റെ വിശാലത വർദ്ധിപ്പിക്കുന്നതിനായി ലിവിങ് റൂമിന്റെ പല കോർണറുകളിലായി കണ്ണാടികൾ നൽകാവുന്നതാണ്. ടിവി യൂണിറ്റ് ലിവിങ് ഏരിയയിൽ നൽകുന്നുണ്ടെങ്കിൽ ഒരു ഭാഗം മാത്രം ഹൈലൈറ്റ് ചെയ്ത് ക്ലാഡിങ് വർക്കുകൾ നൽകി ടിവി യൂണിറ്റ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. സ്റ്റെയർകേസിലേക്ക് കയറുന്ന ഭാഗം, കോർട്ട്യാഡ് എന്നിവിടങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ കൂടി നൽകാം.
ഡബിൾഹൈറ്റ് ലിവിങ് ഏരിയ അലങ്കാരങ്ങൾ മനസിലാക്കി ആവശ്യമുള്ള കാര്യങ്ങൾ അറിഞ്ഞു ചെയ്യാം.