വീട് നിർമ്മിക്കുമ്പോൾ അത് എങ്ങിനെ പൂർണമായും മോഡേൺ ആക്കി നിർമ്മിക്കാം എന്നതാണ് മിക്ക ആളുകളും ചിന്തിക്കുന്ന കാര്യം.
അതേ സമയം പഴമയുടെ പല ഘടകങ്ങളും അവിടെ നില നിൽക്കണമെന്നും പലരും ആഗ്രഹിക്കുന്നു. വീട് നിർമ്മാണത്തിൽ പഴമയും പുതുമയും ഇട കലർത്തി കൊണ്ടുള്ള ട്രെൻഡുകളും ഇന്ന് നമ്മുടെ നാട്ടിൽ വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇത്തരത്തിൽ പലരും കേട്ട് പരിചയിച്ച ഒരു പദമായിരിക്കും ‘പാറ്റിയോ ‘. പലപ്പോഴും വീട് നിർമ്മിച്ചു നൽകുന്ന ബിൽഡർ പറയുന്നതനുസരിച്ച് വീട്ടിൽ ഒരു സ്ഥാനം കണ്ടെത്തി പാറ്റിയോ നിർമ്മിച്ച് ഉപയോഗപ്പെടുത്തുന്ന ആളുകളുമുണ്ട്.
അതേസമയം ഇവ എന്തിനുവേണ്ടി സെറ്റ് ചെയ്യുന്നു, നിർമ്മാണ രീതി, വീടിന്റെ ഏതു ഭാഗത്തായി നൽകണം എന്നതിനെ പറ്റിയെല്ലാം നിരവധി സംശയങ്ങളാണ് പലർക്കുമുള്ളത്.
കേൾക്കുമ്പോൾ തന്നെ വളരെയധികം മോഡേണായ ഒരു പദമാണ് പാറ്റിയോ. വീട് നിർമാണത്തിൽ പാറ്റിയൊക്കുള്ള പ്രാധാന്യം, നിർമ്മാണരീതി എന്നിവയെ പറ്റിയെല്ലാം കൃത്യമായി അറിഞ്ഞിരിക്കാം.
പാറ്റിയോ സെറ്റ് ചെയ്യേണ്ട സ്ഥലം
പേര് കുറച്ച് മോഡേൺ ആണെങ്കിലും നമ്മുടെ നാട്ടിലെ വീടുകളിൽ പണ്ടുകാലം തൊട്ടു തന്നെ ഇത്തരത്തിൽ ഒരിടം സെറ്റ് ചെയ്ത് നൽകിയിരുന്നു.
പലപ്പോഴും ഡൈനിങ് ഏരിയയോട് ചേർന്ന് ഒന്നോ രണ്ടോ മീറ്റർ ഗ്യാപ് ഇട്ട് ഒരു പ്രത്യേക ഭാഗം എന്ന രീതിയിൽ സജ്ജീകരിച്ച് നൽകിയിരുന്ന ഇടമാണ് ഇന്ന് പാറ്റിയോ എന്ന പേരിൽ അറിയപ്പെടുന്നത്.
വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ അരിയുന്നതിനും, കുശല വർത്തമാനങ്ങൾ പറയുന്നതിനുള്ള ഒരു ഇടം എന്ന രീതിയിലും പല പഴയ വീടുകളിലും ഇവ കണ്ടു വന്നിരുന്നു.
എന്നാൽ ഇടയ്ക്കു വെച്ച് വീടുനിർമ്മാണത്തിൽ അവ ഒഴിവാക്കപ്പെട്ടിരിക്കുന്നു എങ്കിലും ഇന്ന് കുറച്ചു കൂടി മോഡേൺ രൂപത്തിൽ അവ പാറ്റിയോ ആയി തിരിച്ചെത്തി എന്ന് മാത്രം.
ഏതൊരു വീടിനെ സംബന്ധിച്ചും ഒരാൾക്ക് സ്വസ്ഥമായും സ്വകാര്യമായും ഇരിക്കാനുള്ള ഒരിടമായി പാറ്റിയോ സെറ്റ് ചെയ്തു നൽകാവുന്നതാണ്.
ഇത് അടുക്കളയോട് ചേർന്നോ അതല്ല എങ്കിൽ ഡൈനിങ് ഏരിയയോട് ചേർന്നോ എല്ലാം ഒരു പ്രത്യേക സ്ഥലം നൽകി സജ്ജീകരിച്ച് എടുക്കാവുന്നതാണ്.
അതേസമയം ഓപ്പൺ ആയ രീതിയിൽ ഇരിപ്പിടങ്ങൾ നൽകി വീടിനോട് ചേർന്ന് ഇത്തരത്തിലുള്ള ഒരു സ്ഥലം സജ്ജീകരിച്ചു നൽകുന്നതാണ് എപ്പോഴും നല്ലത്.
ആവശ്യമെങ്കിൽ അവിടെ കുറച്ചു ചെടികൾ വച്ചു പിടിപ്പിച്ച് കൂടുതൽ മനോഹരമാക്കാം.
പാറ്റിയോ സ്‌പേസിന്റെ ഉപയോഗം.
നേരത്തെ പറഞ്ഞതുപോലെ ഒരാൾക്ക് തന്റെ സ്വകാര്യ നിമിഷങ്ങൾ അല്ലെങ്കിൽ ഏകാന്തത ആസ്വദിക്കാൻ തോന്നുമ്പോൾ ചെന്നിരിക്കാൻ പറ്റുന്ന ഒരിടമായി പാറ്റിയോ സ്‌പേസ് കണക്കാക്കാം.
കൂടാതെ പ്രഭാതങ്ങളിൽ ഒരു ചായ കുടിക്കുന്നതിനും പത്രം വായിക്കുന്നതിനുമുള്ള ഇടമായും ഇത്തരം ഭാഗങ്ങളെ കണക്കാക്കാം.
വീട്ടിൽ ഒരു ചാരുകസേര അതല്ല എങ്കിൽ സ്വിങ് ചെയർ ഇടാൻ ഇഷ്ടപെടുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്ന ഒരു ഇടമാണ് പാറ്റിയോ സ്പേസ്.
നല്ല രീതിയിൽ കാറ്റും വെളിച്ചവും ലഭിക്കുന്ന ഒരു സ്ഥലത്ത് വേണം പാറ്റിയോ സെറ്റ് ചെയ്ത് നൽകാൻ.
എന്നാൽ മാത്രമാണ് അത്തരത്തിലുള്ള ഒരു സ്ഥലം നൽകിയത് കൊണ്ടുള്ള ഉദ്ദേശം പൂർണ്ണതയിൽ എത്തുന്നുള്ളൂ. വീട്ടുകാർക്ക് താൽപര്യമുണ്ടെങ്കിൽ വീട്ടിലേക്ക് ആവശ്യമായ ഹെർബ്‌സ് വളർത്തി എടുക്കുന്നതിനുള്ള ഒരു ഇടമായി ഇത്തരത്തിലുള്ള ഒരു സ്പേസിനെ സെറ്റ് ചെയ്യാവുന്നതാണ്.
വലിപ്പം
ഓരോരുത്തർക്കും ആവശ്യാനുസരണം പാറ്റിയോ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. സാധാരണയായി 150 മുതൽ 180 അടി വരെയാണ് വലിപ്പമായി നൽകുന്നത്. അതേസമയം കൂടുതൽ സ്ഥലം ആവശ്യമുള്ളവർക്ക് അതിനനുസരിച്ച് വലിപ്പം കൂട്ടി എടുക്കാവുന്നതാണ്. കൂടാതെ ഇവിടെ റൂഫിംഗ് ചെയ്യാനായി ഗ്ലാസ് തിരഞ്ഞെടുക്കാവുന്നതാണ്. പ്രഭാത വെയിൽ കൊള്ളാനുള്ളഉ ഒരു ഇടമായി തന്നെ ഇത്തരം സ്പേസുകളെ മാറ്റിയെടുക്കാവുന്നതാണ്.
ഡൈനിങ് ഏരിയയോട് ചേർന്നുള്ള സ്ഥലമാണ് പാറ്റീഷൻ ചെയ്യാൻ ഏറ്റവും നല്ല സ്ഥലമായി കണക്കാക്കുന്നത് എങ്കിലും വീടിനോട് ചേർന്നല്ലാതെയും ഇവ സെറ്റ് ചെയ്ത് നൽകാവുന്നതാണ്. കാരണം പ്രൈവസിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് വീട്ടിൽ നിന്നും കുറച്ച് മാറി പാറ്റിയോ നൽകാൻ ആയിരിക്കും ആഗ്രഹം. സാധാരണ ഫ്ലോറിൽ നിന്നും ഒരു 15 സെന്റീമീറ്റർ എങ്കിലും ഡിപ്പ് ഇട്ടാണ് പാറ്റിയോ സെറ്റ് ചെയ്ത് നൽകുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി അവ വളരെ എളുപ്പം ക്ലീൻ ചെയ്യാൻ സാധിക്കും. അല്ലാത്തപക്ഷം മഴക്കാലത്ത് ഇലകളോ മറ്റോ വന്ന് അടിഞ്ഞാൽ അവ ക്ലീൻ ചെയ്യുന്നത് പ്രയാസമായിരിക്കും.
വീട്ടിലുള്ള എല്ലാവർക്കും തങ്ങളുടെ ആശയങ്ങൾ പങ്കു വയ്ക്കുന്നതിനും, നല്ല രീതിയിൽ വായു, വെളിച്ചം എന്നിവ ലഭിക്കുന്നതിനും ഒരു പാറ്റിയോ സെറ്റ് ചെയ്തു നൽകുന്നത് എന്തുകൊണ്ടും ഗുണം ചെയ്യും.