- ഫ്ലാറ്റ് വാങ്ങുമ്പോൾ അടിസ്ഥാന വിലയോടൊപ്പം കാർ പാർക്കിങ്, കെയർടേക്കിങ് ചാർജ്, മാലിന്യ– മലിനജല സംസ്കരണം പോലുള്ള പൊതുസംവിധാനങ്ങൾക്കുള്ള ചാർജ് എന്നിവ കൂടി ചേർക്കുമ്പോൾ അടിസ്ഥാന വിലയേക്കാൾ 20–30 ശതമാനം കൂടുതൽ നൽകേണ്ടി വരാം. ഇക്കാര്യങ്ങൾ പ്രത്യേകം ചോദിച്ചറിയണം.
- സ്റ്റെയർകെയ്സ്, ഇടനാഴി തുടങ്ങി പൊതുസൗകര്യങ്ങളുടെ അളവു കൂടി ചേർന്നാണ് അപ്പാർട്ട്മെന്റിന്റെ സൂപ്പർ ഏരിയ. അപ്പാർട്ട്മെന്റിന്റെ ഉൾവശത്ത് ഉപയോഗിക്കുന്ന സ്ഥലമാണ് കാർപെറ്റ് ഏരിയ. കാർപെറ്റ് ഏരിയയാണ് നിങ്ങൾക്ക് ലഭിക്കുന്നത്, അഥവാ അവിടെയാണ് താമസിക്കാനാകുക. അതിനാൽ കാർപെറ്റ് ഏരിയ എത്രയെന്ന് വ്യക്തമായി അറിയണം.
- വിൽപ്പനനികുതി, രജിസ്ട്രേഷൻ ചാർജ്, കെട്ടിടനികുതി തുടങ്ങിയ നികുതികൾ അപ്പാർട്ട്മെന്റിനും ബാധകമാണ്. ചില ബിൽഡർമാർ നികുതി അടയ്ക്കുകയും വാങ്ങുന്നവരിൽ നിന്ന് വിലയിൽ ഉൾപ്പെടുത്തി ഈ തുക ഈടാക്കുകയും ചെയ്യും. ഇക്കാര്യത്തിൽ വ്യക്തത വേണം. അപ്പാർട്ട്മെന്റ് കൈമാറുന്നതിനു മുമ്പ് നികുതികൾ അടച്ചുതീർക്കേണ്ടത് ബിൽഡറുടെ ഉത്തരവാദിത്തമാണ്.
- ബിൽഡറുടെ സ്വന്തം ഭൂമിയിലാണോ, അതോ മറ്റൊരാളുടെ ഭൂമിയിലാണോ അപ്പാർട്ട്മെന്റ് പണിതതെന്ന് മനസ്സിലാക്കണം. മറ്റൊരാളുടെ ഭൂമിയിലാണെങ്കിൽ ബില്‍ഡർക്ക് അതിനുള്ള നിയമപരമായ അവകാശമുണ്ടെന്നതിനുള്ള രേഖകൾ വക്കീലിന്റെ സഹായത്തോടെ പരിശോധിക്കുകയും ഭൂമിയുടെ മേൽ കടബാധ്യതകളില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. മുൻ ആധാരങ്ങൾ ചോദിച്ച് വാങ്ങാന്‍ മറക്കരുത്.
- ഭവന പദ്ധതികൾ സമയകൃത്യതയോടെ കൈമാറിയില്ലെങ്കിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ചട്ട പ്രകാരം (റെറ) പരാതിപ്പെടാം. പദ്ധതി വൈകിയാൽ ലാഭം ബിൽഡർക്ക് ലഭിക്കില്ലെന്നു മാത്രമല്ല, കനത്ത പിഴയും നൽകേണ്ടി വരും.
- ഫ്ലാറ്റിന്റെ രേഖകളുടെ Legal Opinion എടുക്കേണ്ടത് ബിൽഡറുടെ വക്കീലിന്റെ അടുത്ത് നിന്നായിരിക്കരുത്.
നിങ്ങൾക്ക് പരിചയമുള്ള വക്കീലിനെ സമീപിക്കുക. ഇടനിലക്കാരുമായുള്ള ഇടപെടൽ ഒഴിവാക്കാൻ ശ്രെമിക്കുക.
content courtesy : fb group